ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

  • പേരിനു പിന്നിൽ: 'ചെന്നി' (തല), 'തല' (സ്ഥലം) എന്നീ വാക്കുകളിൽ നിന്നാണ് ചെന്നിത്തല എന്ന പേരുണ്ടായതെന്ന് കരുതപ്പെടുന്നു. പണ്ട് കാലത്ത് രാജാക്കന്മാരുടെ തലസ്ഥാനമോ യുദ്ധ വിജയങ്ങളുമായി ബന്ധപ്പെട്ട സ്ഥലമോ ആയിരുന്നു ഇതെന്നും പറയപ്പെടുന്നു.
  • ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പൊതുവിവരങ്ങൾ
    ​ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തായി അച്ചൻകോവിലാറിൻ്റെ കൈവഴികളാലും ചുറ്റപ്പെട്ടു കിടക്കുന്നതും 22.26 ച.കി.മീ വിസ്തൃതിയുള്ളതുമായ ഒരു കാർഷിക ഗ്രാമമാണ് ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത്. ചെന്നിത്തല, തൃപ്പെരുന്തുറ എന്നീ റവന്യൂ വില്ലേജുകൾ ഉൾപ്പെടുന്ന പഞ്ചായത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും ഉപജീവനമാർഗ്ഗം കൃഷിയാണ്. കാർഷികവിളകളായ നെല്ല്, കപ്പ, എള്ള്, പച്ചക്കറി, തെങ്ങ് തുടങ്ങിയ പ്രധാന ഇനങ്ങളുടെ കൃഷി നടത്തിയും കോഴി, താറാവ്, പശു, എരുമ, പോത്ത് തുടങ്ങിയവയെ വളർത്തി ഉപജീവനം നടത്തിവരുന്നു. കർഷകർ, കർഷകത്തൊഴിലാളികൾ, കലാ സാംസ്കാരിക രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർ, മത്സ്യത്തൊഴിലാളികൾ, കായിക രംഗത്തുള്ളവർ, സർക്കാർ ജീവനക്കാർ, പ്രവാസികൾ തുടങ്ങിയ എല്ലാ വിഭാഗത്തിൽപ്പെട്ടവരും ഇവിടെ ജീവിക്കുന്നു. മരപ്പണി, തെങ്ങുകയറ്റം, കള്ളുചെത്ത്, പപ്പടനിർമ്മാണം, കൊല്ലപ്പണി, കൽപ്പണി, മരംവെട്ട്, മുതലായ പരമ്പരാഗത തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരും അനേകമുണ്ട്. ആലപ്പുഴ ജില്ലയിലെ ഏക കേന്ദ്രീയ വിദ്യാലയമായ ജവഹർ നവോദയ വിദ്യാലയം നമ്മുടെ പഞ്ചായത്തിലെ 4-ാം വാർഡിൽ സ്ഥിതി ചെയ്യുന്നു. ആകെ 19 വാർഡുകളുള്ള ഈ പഞ്ചായത്തിന്റെ വടക്കുഭാഗം മാന്നാർ പഞ്ചായത്തും കിഴക്കുഭാഗം മാന്നാർ, ബുധനൂർ ഗ്രാമപഞ്ചായത്തുകളും തെക്കുഭാഗം മാവേലിക്കര മുനിസിപ്പാലിറ്റിയും ചെട്ടികുളങ്ങര പഞ്ചായത്തും പടിഞ്ഞാറ് ഭാഗം പള്ളിപ്പാട്, വീയപുരം ഗ്രാമപഞ്ചായത്തുകളും അതിർത്തി പങ്കിടുന്നു. 2011 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 27586 ആണ്. 12709 പുരുഷന്മാരും 14877 സ്ത്രീകളും ഉണ്ട്. പഞ്ചായത്തിന്റെ കിഴക്കൻ മേഖലയെ അപേക്ഷിച്ച് പടിഞ്ഞാറൻ മേഖല താഴ്ന്ന പ്രദേശമായതിനാൽ വെള്ളപ്പൊക്കവും കുടിവെള്ളക്ഷാമവും ഈ പ്രദേശത്ത് കൂടുതലായി അനുഭവപ്പെടുന്നു.